വിമാനത്തിന്റെ ജനലിലൂടെ മേഘങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴേ മനസ്സില്‍ ഒരു കുളിര് തോന്നി തുടങ്ങി... ഇന്നലെ വരെ വരണ്ട കുന്നുകളും നിരന്ന മരുഭൂമിയും തിരക്കുപിടിച്ച ഗള്‍ഫ് വീഥികളും ആയിരുന്നല്ലോ സ്ഥിരം കാഴ്ചകള്‍.. താഴെ പച്ചപ്പ് കണ്ടു തുടങ്ങി... മനസ്സില്‍ ഒരു തിക്കുമുട്ടല്‍... എന്റെ നാടെത്തി. എന്റെ കേരളം.
ചെക്കിംഗ് ഉം കഴിഞ്ഞു ലഗ്ഗേജും ട്രോളിയില്‍ വച്ച് പുറത്തിറങ്ങി... prepaid ടാക്സി counter ലേക്ക് നടന്നു... പെട്ടെന്ന് പുറകീന്നൊരു വിളി... അളിയാ...
അളിയന്‍ തന്നെ... എന്റെ ഭാര്യയുടെ ആങ്ങള. ഞാന്‍ ഇന്നലേം അവളോട് പറഞ്ഞതാ ആരും എയര്‍പോര്‍ട്ടില്‍ വരണ്ട, ഞാന്‍ ഒരു ടാക്സി പിടിച്ചു വന്നോളാം എന്ന്. വരുന്നതിനു കുഴപ്പമുണ്ടയിട്ടല്ല.... ആരെയും ബുദ്ധിമുട്ടിക്കുന്നത് എനിക്കിഷ്ടമല്ല. പെണ്ണ് കെട്ടുന്നതിനു മുന്‍പ് വരെ എന്റെ ഈ ശീലം പാലിക്കപ്പെട്ടു പോന്നു... ഇപ്പൊ കൊണ്ട് വിടാനും കൊണ്ട് വരാനും അളിയന്‍ തന്നെ വരും. ആ .. ഇതുമൊരു സുഖമാ..
അളിയന്‍ കൂട്ടുകാരന്റെ കാറും കൊണ്ടാണ് വന്നിരിക്കുന്നത്. വണ്ടിയില്‍ ഇരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഭാര്യയേം മോളെയും കാണാനുള്ള തിടുക്കം. ഇത്രയും നാള്‍ എങ്ങനെ പിടിച്ചു നിന്ന് എന്ന് അത്ഭുതം തോന്നുന്നു... ഇത്രയും കാലം തോന്നിയതിലും കൂടുതല്‍ ആവേശമാണ് ഇപ്പൊ തോന്നുന്നത്. 2 വര്ഷം മുന്‍പ് കണ്ടതാണ് ഭാര്യയെ.. മോളെ ഫോട്ടോയില്‍ മാത്രമേ കണ്ടിട്ടുള്ളൂ... മോള്‍ക്ക് ഇപ്പൊ ഒരു വയസ് കഴിഞ്ഞു.
അളിയനോട് വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും മനസ് ഇവിടെയെങ്ങുമല്ല എന്ന് പുള്ളിക്ക് മനസിലായി... പുള്ളി പറഞ്ഞു "അവളും കൊച്ചും മിനിഞ്ഞാന്ന് വന്നു."
ഞാന്‍ പറഞ്ഞു "ഇന്നലെ ഫോണ്‍ ചെയ്തപ്പോ പറഞ്ഞാരുന്നു"
എയര്‍പോര്‍ട്ട് ന്റെയും എന്റെ വീടിന്റെയും ഒരു മധ്യ ഭാഗത്തായി വരും ഭാര്യവീട്.. അതുകൊണ്ട് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോള്‍ അവിടെ കേറാതെ ഒരു പോക്ക് അസാധ്യമാണ്.. അതുകൊണ്ട് തന്നെയാണ് അവള്‍ നേരത്തെ തന്നെ ഇങ്ങോട്ട് പോന്നത്....
വീടിന്റെ മുറ്റത്ത് കാര്‍ എത്തി.. എല്ലാവരും മുറ്റത്ത് തന്നെ നില്‍പ്പുണ്ട്... ഷൈനി (ഭാര്യ), വാവ(മോള്‍), ചേച്ചി (അളിയന്റെ ഭാര്യ), അപ്പച്ചന്‍, അമ്മച്ചി (ഭാര്യയുടെ), ഉണ്ണി (അളിയന്റെ മോന്‍). എല്ലാവരുടെയും മുഖത്ത് അത്യാഹ്ലാദം.. മരുമകനെ കണ്ടതിന്റെ സന്തോഷക്കണ്ണീര്‍ അമ്മച്ചിയുടെ മുഖത്ത്... വാവ ചേച്ചിയുടെ കയ്യില്‍ ഇരുന്നു അന്തം വിട്ടു നോക്കുന്നു... ഞാന്‍ ചെന്ന് എടുക്കാനായി കൈ നീട്ടി... വാവ ചേച്ചീടെ ദേഹത്തേക്ക് കൂടുതല്‍ ഒട്ടി ചേര്‍ന്നു. "മോള്‍ടെ പപ്പയാടീ , ചെല്ല്.." ചേച്ചി എന്റെ കയിലേക്ക് നീട്ടി... വാവ ഒന്നൂടെ ഒന്ന് സംശയത്തോടെ നോക്കി.. പിന്നെ മടിക്കാതെ എന്റെ കയ്യിലേക്ക് ചാടി വന്നു.... ഹോ... ഒരു അപ്പനായതിന്റെ ചാരിതാര്‍ത്ഥ്യം പൂര്‍ണമായത് ഇപ്പോഴാണ്...
ഭക്ഷണമൊക്കെ കഴിഞ്ഞു, വീട്ടിലേക്കു ഫോണ്‍ ചെയ്തു, വാവയെ ഉറക്കി, 2 വര്‍ഷത്തെ കടമൊക്കെ വീട്ടി കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ ഞാന്‍ അക്കാര്യം പറഞ്ഞു.. "ഞാനിനി തിരിച്ചു പോകുന്നില്ല" ..
അവള്‍ ഒന്ന് ഞെട്ടിയോ .. എന്നോട് ചോദിച്ചു "അതെന്താ?"
ഞാന്‍ പറഞ്ഞു "കുറെ നാളായി ആലോചിക്കുന്നതാ ... നാട്ടില്‍ തന്നെ എല്ലാവരുടെയും കൂടെ നില്‍ക്കാമല്ലോ. പ്രത്യേകിച്ച് ഇനി നിന്നേം കൊച്ചിനേം കണ്ടോണ്ടിരിക്കാമല്ലോ"
അവള്‍ ചോദിച്ചു "ഫാമിലി വിസ കിട്ടത്തില്ലേ.. ഞങ്ങളേം അങ്ങ് കൊണ്ട് പോകാമല്ലോ "
ഞാന്‍ പറഞ്ഞു "വിസ ഒക്കെ കിട്ടും... ഭയങ്കര ചെലവല്ലേ... ഒന്നും മിച്ചം കാണത്തില്ല"
അവള്‍ പറഞ്ഞു "അതിപ്പോ ഇവിടെ പണി ഇല്ലാതെ നിന്നാലും മിച്ചം കാണുമോ"
ഞാന്‍ പറഞ്ഞു "എടീ 3 -4 ഏക്കര്‍ പറമ്പ് ഉണ്ടല്ലോ... 2 പശൂനേം മേടിക്കാം"
അവള്‍ ചോദിച്ചു "പപ്പേം മമ്മീം സമ്മതിക്കുമോ"
ഞാന്‍ പറഞ്ഞു "പിന്നെ... അവര്‍ ഹാപ്പി ആകില്ലേ.. മക്കള്‍ അടുത്ത് തന്നെ ഉള്ളതല്ലെടീ കാര്‍ന്നോന്മാര്‍ക്ക് ഒരു സന്തോഷം"
അവള്‍ പറഞ്ഞു "എന്നാപ്പിന്നെ കുഴപ്പമില്ല... അപ്പൊ ജോലി കളഞ്ഞാണോ വന്നിരിക്കുന്നത്.."
ഞാന്‍ പറഞ്ഞു "ഏയ് .. അങ്ങനാണേല്‍ വിടത്തില്ല... രണ്ടു മാസം ലീവ് കിട്ടി.. എന്നാലും തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിച്ചാ വന്നെക്കുന്നെ.."
അവള്‍ പറഞ്ഞു "നന്നായി... ഇനി തിരിച്ചു പോകുവണേല്‍ എന്നേം കൊച്ചിനേം കൊണ്ടേ പോകാവോള്ളൂ എന്ന് പറയാനിരിക്കുവാരുന്നു "
ഞാന്‍ ചോദിച്ചു "എന്തേലും പ്രശ്നമുണ്ടോ വീട്ടില്‍ ?"
അവള്‍ പറഞ്ഞു "ഏയ്... ഇനിയിപ്പോ ചേട്ടന്‍ പോകുന്നില്ലേല്‍ പിന്നെ കുഴപ്പമില്ല " .... നല്ല ഭാര്യ...
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ തന്നെ ഒരു ടാക്സി വിളിച്ചു വീട്ടിലേക്കു പുറപ്പെട്ടു... 1 മണിക്കൂര്‍ യാത്രയുണ്ട്..
വീട്ടില്‍ ചെന്നപ്പോള്‍ പപ്പയും മമ്മിയും കാത്തിരിപ്പുണ്ട്.. എല്ലാവരും സന്തോഷത്തിലാണ്...
എല്ലാവരും കൂടെയിരുന്നു കൊണ്ട് വന്ന പാക്കറ്റ് കള്‍ ഒക്കെ പൊട്ടിച്ചു വിതരണം ചെയ്യുന്നതിനിടക്ക് ആ സ്ഥിരം ചോദ്യം വന്നു .. മമ്മിയുടെ വക. "എത്ര ദിവസത്തെ ലീവ് ഉണ്ടെടാ?"
ഞാന്‍ പറഞ്ഞു "ഓ.. ഇനി തിരിച്ചു പോകുന്നില്ല മമ്മീ ... ഇവിടെയങ്ങ് കൂടാം "
മമ്മി പറഞ്ഞു "അതാടാ നല്ലത് ... എന്തിനാ വെറുതെ അന്യ നാട്ടില്‍ പോയി കിടന്നു കഷ്ടപ്പെടുന്നത് " ഈ പറച്ചിലില്‍ അല്പം ആത്മാര്‍ഥത കുറവുണ്ടോ ? ... ഏയ്.. തോന്നലായിരിക്കും.
പപ്പാ പറഞ്ഞു "തീരുമാനമെടുത്താ വന്നതെങ്കില്‍ പിന്നെ ഇവിടെ തന്നെ എന്തേലും ചെയ്യാന്‍ നോക്ക്.."
ഞാന്‍ പറഞ്ഞു " ചെയ്യണം. വന്നതല്ലെയുള്ളൂ"
ഒരു മാസം പെട്ടെന്ന് കഴിഞ്ഞു പോയി... കുറച്ചു കറക്കവും ഒക്കെയായിട്ട് അടിപൊളിയായി കടന്നു പോയി... പിന്നെ പയ്യെ പറമ്പിലേക്കിറങ്ങി... പണ്ട് കോളേജില്‍ പോകുമ്പോള്‍ പോലും രാവിലെ പറമ്പില്‍ ഇറങ്ങി എന്തേലുമൊക്കെ പണികള്‍ ചെയ്യുമായിരുന്നു... ഇനി എല്ലാം സ്റ്റാര്‍ട്ട് ചെയ്യണം... 2 ദിവസം അത്യാവശ്യം ചെറിയ ചെറിയ പണികളൊക്കെ ചെയ്തു ... കൃഷികളെല്ലാം തന്നെ വര്‍ഷാ വര്ഷം ആദായം തരുന്നതാണ്.. കുരുമുളക്, കാപ്പി, ഏലം, അടയ്ക്ക, അങ്ങനെ അങ്ങനെ... സ്ഥിര വരുമാനത്തിന് എന്തേലും കൂടെ ചെയ്യണം.. പശു തന്നെ ബെസ്റ്റ്... 2 എണ്ണം എങ്കിലും മേടിക്കുകയാണെങ്കില്‍ ദിവസം 500 രൂപയെങ്കിലും വരുമാനം ആകും..
5 കൊല്ലം ഉണ്ടാക്കിയ സമ്പാദ്യം ഒക്കെ വീട് പണിതു തീര്‍ത്തു. കയ്യില്‍ ഇപ്പൊ ഉള്ള മൂലധനം 2 ലക്ഷത്തില്‍ താഴെയാണ്.. സാരമില്ല.. അങ്ങനെ സമ്പാദിച്ചു കൂട്ടണം എന്ന ആഗ്രഹം പണ്ടേ ഇല്ല... സുഖമായി ജീവിക്കണം എന്നെ ഉള്ളൂ.. അതുകൊണ്ട് തന്നെയാണ് ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിച്ചത് ... ഞാന്‍ കണ്ടു മുട്ടിയ പ്രവസികളെല്ലാം, ഗള്‍ഫില്‍ വന്നത് ഒന്നുകില്‍ പെങ്ങളെ കെട്ടിക്കാന്‍, അല്ലെങ്കില്‍ ഒരു വീട് വെക്കാന്‍, അല്ലെങ്കില്‍ കടം വീട്ടാന്‍. ഇവരെല്ലാം ഇപ്പറഞ്ഞ ആഗ്രഹങ്ങളെല്ലാം സാധിച്ചു .. ഇപ്പഴും തിരിച്ചു പോകാനാവാതെ ഗള്‍ഫില്‍ തന്നെ കഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ ഉറച്ച തീരുമാനം എടുത്തത്..
ഒരാഴ്ച പിന്നെയും കടന്നു പോയി... 3 പശുക്കളെ നോക്കി വച്ചിട്ടുണ്ട് .. പശൂനെ നോക്കാന്‍ പോയിടത്തെല്ലാം ആള്‍ക്കാര്‍ ഒരുമാതിരി കളിയാക്കുന്ന നോട്ടം... ഇവന് , ഈ ഗള്‍ഫ് കാരന് പശൂനെ മേടിക്കേണ്ട ഗതിയായോ എന്നാണ് ചിരിയുടെ സാരം... കാര്യമാക്കിയില്ല... ഇവിടെ തന്നെ കൂടാനുള്ള തീരുമാനം എടുത്തപ്പോള്‍ തന്നെ ഇതൊക്കെ പ്രതീഷിച്ചതാണ്.
മമ്മിയുടെ വക ഒരു ചോദ്യം വന്നു "നീ ആ കൊച്ചേട്ടന്റെ പശൂനെ മേടിക്കാന്‍ പോകുവാണോ?"
ഞാന്‍ പറഞ്ഞു "അതെ.. നാളെ അഡ്വാന്‍സ് കൊടുക്കാം എന്ന് വിചാരിക്കുന്നു"
മമ്മി ചോദിച്ചു "നിനക്ക് കുറച്ചൂടെ അന്തസുള്ള എന്തേലും ബിസിനസ് ചെയ്യാന്‍ മേലെ"
ഞാന്‍ ചോദിച്ചു "ഇതിനെന്താ അന്തസ് കുറവ്?"
മമ്മി " നല്ലൊരു ജോലീം കളഞ്ഞു വന്നു നില്‍ക്കുവാ... കേട്ടിയെപ്പിന്നെയാ ഈ മാറ്റം.. "
ഞാന്‍ "ഇതിനിപ്പം ഇങ്ങനെയൊക്കെ പറയാന്‍ എന്നതാ.. ഗള്‍ഫില്‍ പോയത് തന്നെ വീട് വെക്കാനല്ലേ.. വെച്ചല്ലോ പിന്നെന്താ"
മമ്മി : "അവളും ജോലിക്ക് പോകത്തില്ല ... നിന്നേം വിടത്തില്ല എങ്ങനെ ജീവിക്കുമെന്ന അവള് കരുതിയെക്കുന്നെ "
ഞാന്‍ "മമ്മീ അതിനു അവളെ പറയുന്നതെന്തിനാ ... എന്റെ തീരുമാനമല്ലേ പോകുന്നില്ല എന്നത് "
മമ്മി " അവള് വന്നു കേറിയെപ്പിന്നെയാ നിനക്കെ മാറ്റം... ജോലിക്ക് വിടാം എന്ന് കറുത്ത് തന്നെയാ നഴ്സിനെ കൊണ്ട് കെട്ടിച്ചത് .. ഇതിപ്പം അവളും വീട്ടീന്ന് പുറത്തിരങ്ങുകേല"
ഞാന്‍ : "എല്ലാവരുടെയും കൂടെ ജീവിക്കണം എന്ന് ഞാന്‍ കരുതീതാണോ തെറ്റ് ?"
മമ്മി " നല്ലൊരു ജോലി കളഞ്ഞു വന്നു നില്‍ക്കുന്നതാണോ സുഖമായ ജീവിതം.. നാടുകരെല്ലാം ചോദിയ്ക്കാന്‍ തുടങ്ങി നീ പണി പോയിട്ടാണോ വന്നെക്കുന്നതെന്ന് "
ഞാന്‍ "നാട്ടുകാരാണോ നമ്മക്ക് ചെലവിനു തരുന്നത്... പറമ്പില്‍ പണിതു ജീവിക്കാനാ എന്റെ തീരുമാനം"
മമ്മി : "പറമ്പ് അതിനു വീതം വെച്ചിട്ട് പോലും ഇല്ലല്ലോ... പിന്നെങ്ങനാ നീ നിന്റെ ഇഷ്ടത്തിന് അങ്ങ് പണിയുന്നത്?"
എനിക്ക് ഒരു ചേട്ടനും ചേച്ചീം ഉണ്ട്. ചേട്ടന്‍ കുടുംബ വക വേറെ ഒരു സ്ഥലത്ത് 4 ഏക്കര്‍ ഭൂമി ഉണ്ടാരുന്നത് എടുത്തു അവിടെ വീടും വെച്ച് ഭാര്യയും മകനും ആയി സുഖ ജീവിതം. ചേച്ചിക്ക് സ്ത്രീധനം കൂടാതെ 1 ഏക്കര്‍ ഭൂമി കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അത് ഒരേക്കര്‍ വയല്‍ ഉള്ളത് കൊടുക്കാം എന്നാണ് പപ്പാ പറഞ്ഞിരിക്കുന്നത്. അപ്പൊ പിന്നെ വീടിരിക്കുന്ന 4 ഏക്കര്‍ പപ്പയും, മമ്മിയും ഞാനും അടങ്ങുന്ന കുടുംബം താമസിക്കും എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ മമ്മി ചോദിച്ച ആ ചോദ്യം എന്റെ ഹൃദയത്തില്‍ ഒരു മുറിവുണ്ടാക്കി...
ഇനി എന്തേലും പറഞ്ഞാല്‍ വഴക്ക് മൂക്കും എന്നറിയമായിരുന്നെങ്കിലും ഇത്രയും എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല...
"ഇങ്ങനാണേല്‍, 10 - 12 ലക്ഷം രൂപ മുടക്കി ഞാന്‍ വെച്ച വീട്ടിലും എനിക്ക് അവകാശമില്ലെന്ന് പറയുമല്ലോ "
അപ്പോള്‍ പപ്പാ അകത്തു നിന്ന് ഇറങ്ങി വന്നു. എന്നിട്ട് പറഞ്ഞു "നിയമപരമായിട്ടു നോക്കിയാല്‍ ഇപ്പൊ നിനക്ക് ഈ വീടിലും പറമ്പിലും യാതൊരു അവകാശവുമില്ല. ഞാന്‍ വീതം വെച്ച് തരുന്നപോലെയിരിക്കും"
മനസ് തകര്‍ന്നു.... ഇത്രയും കാലം കൊതിച്ച വീട്ടുകാരുടെ കൂടെയുള്ള സുഖജീവിതം എന്ന സ്വപ്നം ഇതാ തകരുന്നു.... എന്നിട്ടും പറഞ്ഞു "പപ്പാ നിയമപരമായിട്ടു അവകാശം ചോദിച്ചോ ഞാന്‍? ഇല്ലല്ലോ... എല്ലാവരുടെയം കൂടെ കഴിയാം എന്ന് കരുതിയാ ഇവിടെ തന്നെ കൂടാം എന്ന് വച്ചത്.. അത് ഇത്രയ്ക്കു വലിയ തെറ്റാണോ ?"
പപ്പാ : "അല്ല നീയാ 12 ലക്ഷത്തിന്റെ കണക്കു പറഞ്ഞതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ "
എന്നാപ്പിന്നെ വീതം വെക്ക് എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും പണിപ്പെട്ടു അടക്കി... ഞാന്‍ മുറിയിലേക്ക് കയറുമ്പോള്‍ പുറകില്‍ മമ്മിയുടെ വാക്കുകള്‍ കേട്ടു.
"മനുഷ്യന് നാണക്കെടുണ്ടാക്കാന്‍ ഇങ്ങനെയോരുത്തന്‍ ഈ കുടുംബത്തില്‍ ഉണ്ടായല്ലോ "
കണ്ണ് നിറഞ്ഞു വരുന്നത് പണിപ്പെട്ടു അടക്കി.... ഭാര്യയും നിറകണ്ണുകളോടെ കട്ടിലില്‍ ഇരിപ്പുണ്ട്... അവള്‍ എന്തോ പറയാന്‍ വന്നത് ഞാന്‍ കൈ കൊണ്ട് വിലക്കി... എന്തായാലും ഇനി അതുകൂടി കേള്‍ക്കാനുള്ള ശക്തിയില്ല.. എന്തായാലും ഞാന്‍ ഗള്‍ഫ് മതിയാക്കി പോന്നത് അവള്‍ക്കും അത്ര പിടിച്ചിട്ടില്ല എന്ന സംശയവും ഉണ്ടായിരുന്നു.
അന്ന് രാത്രി ഉറക്കം വന്നില്ല .. ഇതിനാണോ 5 കൊല്ലം ഗള്‍ഫില്‍ ഏകനായി കഷ്ടപ്പെട്ടത്.. കൂട്ടുകാരോടൊക്കെ പറയുമായിരുന്നു .. "ഒരു വീട് വെച്ച് കഴിഞ്ഞാല്‍ ഒരു നിമിഷം ഞാനിവിടെ നില്‍ക്കില്ല.. നാട്ടില്‍ പോയി settle ആകും.." ഗള്‍ഫില്‍ കൊല്ലങ്ങളായ മാത്യു സര്‍ പറയുമായിരുന്നു... "അതൊന്നും നടക്കുകെലടാവേ .. ഞാനും ഇങ്ങനെയൊക്കെ കരുതിയാ വന്നത് ,.. വന്നു കഴിഞ്ഞാല്‍ പിന്നെ പെട്ടു" ഞാന്‍ പറഞ്ഞു "അതൊക്കെ നിങ്ങളെപ്പോലെയുള്ള അത്യഗ്രഹികള്‍ക്ക് .... പിന്നേം പിന്നേം സമ്പാദിച്ചു കൂട്ടണം എന്ന് കരുതുന്നവര്‍ക്ക് " മാത്യു സര്‍ ചിരിക്കും... ആ ചിരിയില്‍ ഒരു വേദന ഉണ്ടായിരുന്നു എന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു...
പിറ്റേന്ന് രാവിലെ തന്നെ പോയി മോളുടെ പാസ്പോര്‍ട്ട് നു അപ്ലൈ ചെയ്തു.. ഇനി ഇവരെ നാട്ടില്‍ നിര്‍ത്തിയാലും ജീവിതം അത്ര സുഖകരമാവില്ല എന്ന് എനിക്കറിയാം.
ദൈവത്തോട് നന്ദി പറഞ്ഞു. ലീവ് എടുത്തു തന്നെ പോരാന്‍ തോന്നിയ ആ നിമിഷത്തെ... അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഭാര്യയേം മോളെയും കൂട്ടി പെരുവഴിയില്‍ ഇറങ്ങേണ്ട അവസ്ഥ പോലും ഉണ്ടായേനെ.. യാത്രക്കുള്ളതെല്ലാം പായ്ക്ക് ചെയ്യുമ്പോള്‍ ഭാര്യ ചോദിച്ചു "ഞങ്ങടെ വിസ ഉടനെ ആകുമോ ചേട്ടാ?",... ഞാന്‍ പറഞ്ഞു "മാക്സിമം 2 ആഴ്ച ". അവള്‍ ഹാപ്പി ആയി..
മമ്മി പലതരം അച്ചാറുകള്‍, ചിപ്സ് എല്ലാം ഉണ്ടാക്കി പായ്ക്ക് ചെയ്തിട്ടുണ്ട്... ഞാന്‍ തിരിച്ചു പോകുന്നതില്‍ ഏറ്റവും സന്തോഷം. പക്ഷെ മനസ് തകര്‍ന്നാണ് ഞാന്‍ പോകുന്നതെന്ന് ആരും അറിയുന്നില്ലേ ?
വിമാനത്തില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പല ചിന്തകള്‍ നിറഞ്ഞു
നാട്ടിലേക്കു ഒരു തിരിച്ചു പോക്ക് അസാധ്യമാണോ ?
എന്റെ മോള്‍ക്കും നാട് നിഷേധിക്കപ്പെടുമോ?
ഇനി എന്നെങ്കിലും ഗള്‍ഫ് ജോലി നഷ്ടപ്പെട്ടാല്‍ ജീവിതം?
എന്തിനാണ് ആള്‍ക്കാര്‍ ബന്ധത്തേക്കാള്‍ status നു വില കല്‍പ്പിക്കുന്നത് ?
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു ഞാന്‍ കണ്ടുമുട്ടിയ പ്രവാസികള്‍ എല്ലാം എന്തുകൊണ്ടാണ് തിരിച്ചു പോകാത്തതെന്ന്.
പ്രവാസി എന്നും പ്രവാസി തന്നെ..
6 അഭിപ്രായ(ങ്ങള്‍):
ഇത് ഗള്‍ഫുകാരന്റെ മാത്രം സങ്കടം അല്ല. ഞാനും പ്രവാസിയാണ്. 4 വര്ഷം പ്രേമിച്ചു കെട്ടിയതാണ്. എന്റെ കടങ്ങളും മറ്റും ഈ കല്യാണം എങ്ങനെയെങ്കിലും നടത്തി എടുക്കുന്നതിനിടയില്‍ മറന്നു. പക്ഷേ ഭാര്യ ആയി വന്നവള്‍ക്ക് കടം അലെര്‍ജിയാണ്. ഒറ്റ നിമിഷം പോലും സമാധാനം ഇല്ല. വീട്ടിലേക്ക് പണം അയക്കാന്‍ പാടില്ല, തുടങ്ങിയ വിളക്കുകള്‍ വേറെ. അതായതു അവളുടെ കണ്ണില്‍ ഞാന്‍ വെറും പണം ഉണ്ടാക്കി അവളെ മൂടുന്ന യന്ത്രം. ഒതുക്കാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടല്ല പക്ഷേ സമാധാനത്തിനു വേണ്ടി സഹിക്കുന്നു. പ്രവാസിയുടെ ഗതി oru തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിമക്ക് തുല്യമാണ്.
Chetta, kariyikaruthe....please
എല്ലാ പ്രവാസികളുടെയും പിന്നെ സ്വന്തം ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് ആണ്.... വീട്ടുകാരോടുള്ള സ്നേഹം ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് ഉണ്ടായ സംഭാഷണം മുഴുവന്‍ ചേര്‍ക്കാത്തത്... ഇത്രയുമെങ്കിലും എഴുതിയത് മനസിന്റെ വിഷമം കൊണ്ടും...
real..................
mr friend iam also worked in gulf 4yers at the age of 29 i come back to home started in a pvt firm ,, married ,,try for a govt job and i got it >>>>>>>>>>>> my wife also studying for a job why you think about other peoples live only on your style
Yours is a special case... lucky man.. god bless u..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ